Skip to main content
വാർത്തകൾ

വേദി റദ്ദാക്കിയിട്ടും ആവേശം ചോരാതെ സീതാറാം യെച്ചൂരി ഫൗണ്ടേഷന്റെ ആദ്യ പൊതുപരിപാടി; സെമിനാറിൽ പങ്കെടുത്തത് നൂറുകണക്കിന് പേർ

sitaram yechuri

കൊൽക്കത്ത: അവസാന നിമിഷം വേദി റദ്ദാക്കിയിട്ടും സീതാറാം യെച്ചൂരി ഫൗണ്ടേഷന്റെ (എസ്‌വൈഎഫ്) ആദ്യ പ്രധാന പൊതുപരിപാടിയുടെ ആവേശത്തിന് കുറവുണ്ടായില്ല. നവംബർ 22 ഞായറാഴ്ച കൊൽക്കത്തയിലെ പ്രമോദ് ദാസ് ഗുപ്ത ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഏകദേശം 800 പേർ പങ്കെടുത്തു. ഓഡിറ്റോറിയത്തിന് പുറമെ ബാൽക്കണികളിലും പടിക്കെട്ടുകളിലും നൂറുകണക്കിനാളുകൾ നിറഞ്ഞു. സാമ്രാജ്യത്വം, ജനാധിപത്യം, തീവ്രവലതുപക്ഷത്തിന്റെ വളർച്ച, സോഷ്യലിസ്റ്റ് ബദലിനായുള്ള അന്വേഷണം തുടങ്ങിയ വിഷയങ്ങളാണ് സെമിനാറിൽ ചർച്ചയായത്.

സീതാറാം യെച്ചൂരി ഫൗണ്ടേഷനും ജ്യോതി ബസു സെന്റർ ഫോർ സോഷ്യൽ സ്റ്റഡീസ് ആൻഡ് റിസർച്ചും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. സിപിഐഎം കൊൽക്കത്ത ജില്ലാ കമ്മിറ്റി ആസ്ഥാനമായ എജെസി ബോസ് റോഡിലെ പ്രമോദ് ദാസ് ഗുപ്ത ഭവനിലായിരുന്നു പരിപാടി. രാവിലെ മുതൽ രാത്രി വരെ നീണ്ട പരിപാടിയിൽ സാമ്രാജ്യത്വത്തെക്കുറിച്ച് വിദ്യാർഥി ഗവേഷകർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. തുടർന്ന് ഡൽഹിയിലെ ജന്തർ മന്തറിൽ വളർന്നുവരുന്ന പ്രതിഷേധ പ്രസ്ഥാനത്തെക്കുറിച്ച് യുവപ്രവർത്തകർ ചർച്ച നടത്തി. വൈകിട്ട് 'സാമ്രാജ്യത്വവും ജനാധിപത്യവും: ആഗോള കാഴ്ചപ്പാടുകൾ' എന്ന വിഷയത്തിലായിരുന്നു പ്രധാന സെമിനാർ.

ആഗോള രാഷ്ട്രീയത്തിൽ ഏറ്റവും ശക്തമായ രാജ്യങ്ങൾ പുലർത്തുന്ന നിയന്ത്രണമില്ലാത്ത ഇടപെടലുകളും ആഭ്യന്തരതലത്തിൽ ജനാധിപത്യ സ്ഥാപനങ്ങൾ നേരിടുന്ന തകർച്ചയും ചർച്ചകളിൽ പ്രധാന വിഷയങ്ങളായി. വിപണികേന്ദ്രീകൃത വളർച്ചയുടെയും മെറിറ്റോക്രസിയുടെയും വാഗ്ദാനങ്ങളിൽ നിരാശരായ യുവതലമുറ സോഷ്യലിസത്തെ ബദലായി കാണുന്നതായും ചർച്ചകളിൽ വിലയിരുത്തി.

വേദി റദ്ദാക്കിയത് പരിപാടിയെ ബാധിച്ചില്ല

സാൾട്ട് ലേക്കിലെ ഈസ്റ്റേൺ സോണൽ കൾച്ചറൽ സെന്ററിലായിരുന്നു സെമിനാർ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനം അവസാന നിമിഷം ബുക്കിങ് റദ്ദാക്കുകയായിരുന്നു. നവംബർ 16-ന് അയച്ച കത്തിൽ 'ഒഴിവാക്കാനാകാത്ത സാഹചര്യങ്ങൾ' എന്നാണ് കേന്ദ്രത്തിന്റെ ഡയറക്ടർ കാരണം വ്യക്തമാക്കിയത്. എന്നാൽ കൃത്യമായ വിശദീകരണം നൽകിയില്ല. ഫൗണ്ടേഷൻ വിശദീകരണം തേടിയെങ്കിലും കേന്ദ്രം പ്രതികരിച്ചില്ലെന്ന് 'ദ വയർ' റിപ്പോർട്ട് ചെയ്തു. മാസങ്ങൾക്കു മുമ്പുതന്നെ വേദി ബുക്ക് ചെയ്ത് പണം അടച്ചിരുന്നതായി സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു.

രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമായാണ് വേദി റദ്ദാക്കിയതെന്ന് ബേബി ആരോപിച്ചു. സാംസ്കാരിക സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ ബിജെപിയും ആർഎസ്എസും നിയന്ത്രണം ചെലുത്തുകയാണെന്നും അദ്ദേഹം വിമർശിച്ചു. എന്നാൽ വേദി റദ്ദാക്കിയത് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെ തടയില്ലെന്നും ഈ നടപടി ഈസ്റ്റേൺ സോണൽ കൾച്ചറൽ സെന്ററിന്റെ വിശ്വാസ്യതയെതന്നെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന് പരിപാടി സിപിഐഎമ്മിന്റെ സ്വന്തം ഓഡിറ്റോറിയത്തിലേക്ക് മാറ്റുകയായിരുന്നു. പ്രതീക്ഷിച്ചതിലധികം ആളുകൾ പങ്കെടുത്തതോടെ വേദി നിറഞ്ഞുകവിഞ്ഞു. അഭിപ്രായസ്വാതന്ത്ര്യത്തെയും തുറന്ന ചർച്ചകളെയും തടയുന്ന പ്രവണതയുടെ ഉദാഹരണമായാണ് വേദി റദ്ദാക്കിയ നടപടിയെ സെമിനാറിന്റെ പ്രമേയവുമായി ബന്ധപ്പെടുത്തി വിലയിരുത്തിയത്.

യെച്ചൂരിയുടെ സ്മരണയ്ക്കായി ഫൗണ്ടേഷൻ

2024 സെപ്റ്റംബർ 12-ന് അന്തരിച്ച മുൻ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സ്മരണയ്ക്കായാണ് ഫൗണ്ടേഷൻ സ്ഥാപിച്ചത്. സാമ്പത്തിക വിദഗ്ധൻ പ്രഭാത് പട്നായിക് അധ്യക്ഷനായ ട്രസ്റ്റിൽ മാധ്യമപ്രവർത്തക സീമ ചിഷ്ടി, എം.എ. ബേബി, ശശികുമാർ, സി.പി. ചന്ദ്രശേഖർ, എൻ. റാം, മാലിനി ഭട്ടാചാര്യ തുടങ്ങിയവർ അംഗങ്ങളാണ്. പുരോഗമന, മതനിരപേക്ഷ ആശയങ്ങൾ പ്രചരിപ്പിക്കുകയും അക്കാദമികവും പൊതുജനപങ്കാളിത്തമുള്ളതുമായ പരിപാടികളിലൂടെ യുവതലമുറയെ കൂടുതൽ സജീവമാക്കുകയുമാണ് ഫൗണ്ടേഷന്റെ ലക്ഷ്യം.

മൂന്ന് സെഷനുകളായാണ് പരിപാടി സംഘടിപ്പിച്ചത്. രാവിലെ വിദ്യാർഥികളുടെ ഗവേഷണ പ്രബന്ധാവതരണവും ഉച്ചയ്ക്ക് യുവപ്രവർത്തകരുടെ ചർച്ചയും നടന്നു. വൈകിട്ട് സാമ്രാജ്യത്വത്തെക്കുറിച്ചുള്ള വിശാലമായ സെമിനാറും സംഘടിപ്പിച്ചു. യെച്ചൂരിയുടെ ജീവിതം ആസ്പദമാക്കിയുള്ള ഫോട്ടോ, ദൃശ്യ-ശ്രാവ്യ പ്രദർശനവും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു.

സാമ്രാജ്യത്വത്തെക്കുറിച്ച് വിദ്യാർഥികളുടെ ഗവേഷണങ്ങൾ

'സമകാലിക കാലഘട്ടത്തിലെ സാമ്രാജ്യത്വം' എന്ന വിഷയത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബിരുദ, ബിരുദാനന്തര വിദ്യാർഥികളിൽനിന്ന് ഫൗണ്ടേഷൻ ഗവേഷണ പ്രബന്ധങ്ങളുടെ സംഗ്രഹങ്ങൾ ക്ഷണിച്ചിരുന്നു. 168 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽനിന്ന് ഒമ്പത് പ്രബന്ധങ്ങൾ അന്തിമ അവതരണത്തിനായി തെരഞ്ഞെടുത്തു. ഇവയെല്ലാം ഞായറാഴ്ച നടന്ന സെഷനിൽ അവതരിപ്പിച്ചു.

ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെയും ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിന്റെയും കാലഘട്ടവുമായി മാത്രം സാമ്രാജ്യത്വത്തെ ബന്ധിപ്പിക്കുന്ന പരമ്പരാഗത സമീപനത്തിൽനിന്ന് വ്യത്യസ്തമായിരുന്നു വിദ്യാർഥികളുടെ അവതരണങ്ങൾ. മൂലധനം, ധനകാര്യ മേഖല, സൈനികശക്തി, സാങ്കേതികവിദ്യ എന്നിവ രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളെയും ആഗോള അധികാരഘടനകളെയും എങ്ങനെ സ്വാധീനിക്കുന്നുവെന്നായിരുന്നു ഗവേഷണങ്ങളുടെ പ്രധാന ഉള്ളടക്കം.

സമാപന പ്രസംഗത്തിൽ സാമ്രാജ്യത്വത്തെ ഭൂതകാലത്തിന്റെ ഭാഗമായി മാത്രം കാണുന്ന പ്രവണത വർധിച്ചുവരുന്നതായി എം.എ. ബേബി ചൂണ്ടിക്കാട്ടി. എന്നാൽ യുവഗവേഷകർ അവതരിപ്പിച്ച പ്രബന്ധങ്ങൾ സമകാലിക ലോകത്തും സാമ്രാജ്യത്വം പ്രസക്തമായ വിഷയമായി തുടരുന്നുവെന്ന് വ്യക്തമാക്കുന്നതായും അദ്ദേഹം പറഞ്ഞു.