Skip to main content
വാർത്തകൾ

ക്യാബിനറ്റ് റാങ്ക് വേണം; യുഡിഎഫിന് കത്ത് നൽകി ആർഎസ്പി, എ.എ. അസീസിനായി ആവശ്യം

rsp

ക്യാബിനറ്റ് റാങ്കോടുകൂടിയ പദവി ആവശ്യപ്പെട്ട് യുഡിഎഫ് നേതൃത്വത്തിന് കത്ത് നൽകി ആർഎസ്പി. മറ്റ് ഘടകകക്ഷികൾക്ക് ക്യാബിനറ്റ് റാങ്കിലുള്ള പദവികൾ അനുവദിക്കുന്ന സാഹചര്യത്തിൽ തങ്ങൾക്കും അർഹമായ പരിഗണന ലഭിക്കണമെന്നാണ് പാർട്ടിയുടെ ആവശ്യം. ആർഎസ്പി അഖിലേന്ത്യാ പ്രസിഡന്റ് എ.എ. അസീസിന് ക്യാബിനറ്റ് റാങ്കോടെ പദവി നൽകണമെന്നാണ് പ്രധാന ആവശ്യം.

യുഡിഎഫ് ചെയർമാൻ വി.ഡി. സതീശൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, അടൂർ പ്രകാശ് എന്നിവർക്കാണ് ആർഎസ്പി കത്ത് നൽകിയത്. മുതിർന്ന നേതാക്കൾക്ക് ക്യാബിനറ്റ് റാങ്ക് നൽകുന്ന സംവിധാനം യുഡിഎഫ് കൊണ്ടുവരുകയാണെങ്കിൽ എ.എ. അസീസിനും പദവി നൽകണമെന്ന് ആവശ്യപ്പെടുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, ക്യാബിനറ്റ് റാങ്കിലുള്ള പദവികളുടെ എണ്ണം വർധിപ്പിക്കുന്നതിനോട് പാർട്ടിക്ക് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സംസ്ഥാനത്തെ വിവിധ ബോർഡുകളിലെയും കോർപ്പറേഷനുകളിലെയും നിയമനങ്ങൾ വൈകുന്നതിലും ആർഎസ്പി അതൃപ്തി രേഖപ്പെടുത്തി. ഈ മാസം തന്നെ ഉഭയകക്ഷി ചർച്ചകളിലൂടെ നിയമനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കണമെന്നാണ് ആവശ്യം.

നയപരമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും തീരുമാനങ്ങൾ സമവായത്തിലൂടെ കൈക്കൊള്ളുന്നതിനും യുഡിഎഫ് യോഗങ്ങൾ പതിവായി വിളിച്ചുചേർക്കണമെന്നും ആർഎസ്പി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.