'എല്ലാ പണിയും ഒപ്പിച്ചുവെച്ചിട്ട് ഒന്നുമറിയാത്ത ഭാവത്തിൽ കളി കാണുകയാണോ?'; രമേശ് ചെന്നിത്തലയെ കടന്നാക്രമിച്ച് അമൽ ഉണ്ണിത്താൻ
കോൺഗ്രസിലെ ആഭ്യന്തര അധികാരത്തർക്കങ്ങളിൽ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്ത് രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ മകൻ അമൽ ഉണ്ണിത്താൻ. എല്ലാ കാര്യങ്ങളും ഒപ്പിച്ചുവെച്ച ശേഷം ഒന്നുമറിയാത്ത ഭാവത്തിൽ രാഷ്ട്രീയ നാടകങ്ങൾ കണ്ടിരിക്കുകയാണോ ചെന്നിത്തലയെന്ന് അമൽ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. വി.ഡി. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റി ജനവികാരത്തിന്റെ പേരിൽ മുഖ്യമന്ത്രി കസേര സ്വന്തമാക്കാനുള്ള നീക്കമാണോ നടക്കുന്നതെന്നും അദ്ദേഹം സംശയമുന്നയിച്ചു.
കോൺഗ്രസിലെ ഇപ്പോഴത്തെ ആഭ്യന്തര തർക്കങ്ങൾ കാണുമ്പോൾ ചെന്നിത്തലയോട് ചില ചോദ്യങ്ങൾ ചോദിക്കാതിരിക്കാനാകില്ലെന്ന് അമൽ കുറിച്ചു. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തെ അധികാരവടംവലികൾ കേരളം മറന്നിട്ടില്ലെന്നും ഇപ്പോൾ വീണ്ടും പഴയ രാഷ്ട്രീയ തിരക്കഥ ആവർത്തിക്കുകയാണോയെന്നും അദ്ദേഹം ചോദിച്ചു.
കോൺഗ്രസിൽ ഇപ്പോൾ നടക്കുന്നത് ഭരണമാണോ അതോ മുഖ്യമന്ത്രി കസേരയ്ക്കുവേണ്ടിയുള്ള മ്യൂസിക്കൽ ചെയർ മത്സരമാണോ എന്നാണ് അമലിന്റെ മറ്റൊരു ചോദ്യം. ജനങ്ങൾ വോട്ട് ചെയ്തത് അഞ്ചുവർഷം ഭരിക്കാനാണെന്നും അല്ലാതെ അഞ്ചുവർഷവും മുഖ്യമന്ത്രി ആരാകണമെന്ന ചർച്ച നടത്താനല്ലെന്നും അദ്ദേഹം വിമർശിച്ചു.
പിണറായി വിജയന്റെ പത്തുവർഷത്തെ ഭരണകാലത്ത് സിപിഎം പുലർത്തിയ സംഘടനാ അച്ചടക്കത്തെയും മുസ്ലിം ലീഗിന്റെ സംഘടനാ കെട്ടുറപ്പിനെയും അമൽ അഭിനന്ദിച്ചു. ആഭ്യന്തര അഭിപ്രായവ്യത്യാസങ്ങൾ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ കോൺഗ്രസിന് ഇവരിൽനിന്ന് പലതും പഠിക്കാനുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നേതാക്കളുടെ അധികാരത്തർക്കങ്ങൾക്ക് ന്യായീകരണം കണ്ടെത്താൻ പാവപ്പെട്ട കോൺഗ്രസ് പ്രവർത്തകർ ചാനൽ ചർച്ചകളിലും സമൂഹമാധ്യമങ്ങളിലും രാവും പകലും പോരാടേണ്ടിവരുന്നുവെന്നും അമൽ പരിഹസിച്ചു. 'കസേര നേതാക്കൾക്ക്, തമ്മിലടി പ്രവർത്തകർക്ക്' എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
രാജ്മോഹൻ ഉണ്ണിത്താന്റെ പ്രസ്താവനകളെ ബിജെപി ബന്ധം ആരോപിച്ച് നേരിടുന്നതിനെയും അമൽ ചോദ്യം ചെയ്തു. ഉണ്ണിത്താന് ബിജെപി ബന്ധമുണ്ടെന്ന് ആരോപിക്കുന്നവർ തെളിവുകൾ പുറത്തുവിടണമെന്നും പ്രസ്താവനകളെ രാഷ്ട്രീയമായി നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഭിപ്രായം പറഞ്ഞാൽ ബിജെപി മുദ്രകുത്തുകയും വിമർശിച്ചാൽ പാർട്ടിവിരുദ്ധനാക്കുകയും ചെയ്യുന്നതാണോ കോൺഗ്രസിലെ ആഭ്യന്തര ജനാധിപത്യമെന്നും കുറിപ്പിൽ ചോദിച്ചു.
മുഖ്യമന്ത്രി കസേരയെച്ചൊല്ലിയുള്ള ചർച്ചകൾക്ക് നൽകുന്ന ആവേശത്തിന്റെ പകുതിയെങ്കിലും ജനകീയ പ്രശ്നങ്ങൾ പരിഹരിക്കാൻ കാണിക്കണമെന്നും അമൽ നേതാക്കളോട് ആവശ്യപ്പെട്ടു. അധികാരം ജനങ്ങൾക്കുവേണ്ടി ഉപയോഗിക്കാനാണോ അതോ അധികാരത്തിനുവേണ്ടി ജനങ്ങളെയും പാർട്ടി പ്രവർത്തകരെയും ഉപയോഗിക്കാനാണോ രാഷ്ട്രീയത്തിലെത്തിയതെന്നും അദ്ദേഹം കുറിപ്പിലൂടെ ചോദിച്ചു.