മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്ര ദുരൂഹം; സ്പോൺസർമാർ ആരെന്ന് വെളിപ്പെടുത്തണമെന്ന് പി. രാജീവ്
മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രി പി. രാജീവ്. കേട്ടുകേൾവിയില്ലാത്ത രീതിയിലാണ് മുഖ്യമന്ത്രി പ്രവർത്തിക്കുന്നതെന്നും ഓരോ കമ്പനികളും പ്രത്യേകമായി വിമാനങ്ങൾ ഏർപ്പാടാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ആരാണ് വിമാനയാത്രകൾക്ക് പണം മുടക്കുന്നതെന്ന് വ്യക്തമാക്കാതെ മുഖ്യമന്ത്രി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും പി. രാജീവ് വിമർശിച്ചു.
ആരുടെയെങ്കിലും സ്പോൺസർഷിപ്പിലല്ല സർക്കാർ പ്രവർത്തിക്കേണ്ടതെന്ന് പി. രാജീവ് പറഞ്ഞു. വൻകിട പദ്ധതികൾ പ്രഖ്യാപിച്ചതിന് പിന്നാലെയുള്ള മുഖ്യമന്ത്രിയുടെ യാത്രകൾ അങ്ങേയറ്റം ദുരൂഹമാണെന്നും അദ്ദേഹം ആരോപിച്ചു. യാത്രകളുമായി ബന്ധപ്പെട്ട വസ്തുതകൾ ജനങ്ങൾക്ക് മുന്നിൽ വ്യക്തമാക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി എവിടേക്ക് പോകുന്നു, എങ്ങനെയാണ് യാത്ര ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ സുതാര്യത വേണം. മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് മംഗളൂരുവിലേക്ക് നടത്തിയ യാത്രയും ദുരൂഹമാണെന്ന് പി. രാജീവ് ആരോപിച്ചു. ആ യാത്രയ്ക്ക് ആരാണ് സ്പോൺസർഷിപ്പ് നൽകിയതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.