വി.ഡി. സതീശന്റെ ശൈലിക്കെതിരെ ആർഎസ്പിയിൽ വിമർശനം; തിരുത്തണമെന്ന് സെക്രട്ടേറിയറ്റ്
മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രവർത്തനശൈലിക്കെതിരെ ആർഎസ്പി സംസ്ഥാന സെക്രട്ടേറിയറ്റിൽ രൂക്ഷ വിമർശനം. തീരുമാനങ്ങൾ ഏകപക്ഷീയമായി കൈക്കൊള്ളുന്ന മുഖ്യമന്ത്രിയുടെ നിലപാടിൽ മാറ്റം വരുത്തണമെന്നാണ് യോഗത്തിൽ ഉയർന്ന ആവശ്യം. നിലവിലെ ശൈലി തുടർന്നാൽ അത് സർക്കാരിനും മുന്നണിക്കും ദോഷകരമാകുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.
മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ പ്രവർത്തനരീതി തുടർന്നാൽ ജനങ്ങൾ അദ്ദേഹത്തെ മുൻ മുഖ്യമന്ത്രി പിണറായി വിജയന് തുല്യനായി വിലയിരുത്താൻ സാധ്യതയുണ്ടെന്നും യോഗത്തിൽ വിമർശനമുയർന്നു. തീരുമാനങ്ങളിലെ മുഖ്യമന്ത്രിയുടെ അപ്രമാദിത്വമാണ് പ്രധാനമായും ചോദ്യം ചെയ്യപ്പെട്ടത്. ഘടകകക്ഷികളുമായി കൂടിയാലോചിക്കാതെ ഒറ്റയ്ക്ക് തീരുമാനങ്ങളെടുത്ത് മുന്നോട്ടുപോകുന്ന രീതി അംഗീകരിക്കാനാകില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
അതേസമയം, ആറുമാസത്തെ ഭരണകാലയളവിൽ വി.ഡി. സതീശൻ മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചതെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. നിരവധി നൂതന ആശയങ്ങൾ മുന്നോട്ടുവയ്ക്കാനും സർക്കാരിന് കരുതലിന്റെ സ്പർശവും മാനുഷിക മുഖവും നൽകാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുമ്പോഴും തീരുമാനമെടുക്കുന്നതിലെ ഏകപക്ഷീയമായ ശൈലിയോടുള്ള വിയോജിപ്പ് യോഗത്തിൽ ശക്തമായി ഉയർന്നു.
മുഖ്യമന്ത്രി തന്റെ പ്രവർത്തനശൈലി തിരുത്തിയേ മതിയാകൂവെന്നാണ് ആർഎസ്പിയുടെ നിലപാട്. തിരുത്തലില്ലാതെ മുന്നോട്ടുപോയാൽ അത് സർക്കാരിന്റെയും മുന്നണിയുടെയും പ്രതിച്ഛായയെ ബാധിക്കുമെന്നും യോഗത്തിൽ മുന്നറിയിപ്പുണ്ടായി. കോൺഗ്രസിനുള്ളിൽ മാത്രമല്ല, ഘടകകക്ഷികളുടെ പാർട്ടി യോഗങ്ങളിലും മുഖ്യമന്ത്രിയുടെ തീരുമാനമെടുക്കൽ രീതിക്കെതിരെ വിമർശനം ശക്തമാകുന്നതായാണ് സൂചന.