Skip to main content
വാർത്തകൾ

'പാർട്ടിയിൽ ചേരാനാകില്ല, ഗ്രൂപ്പിൽ മാത്രമേ ചേരാനാകൂ'; കോൺഗ്രസിലെ ഗ്രൂപ്പ് പോരിനെ പരിഹസിച്ച് പി.എം.എ. സലാം

salam

കോൺഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരെ പരോക്ഷ പരിഹാസവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. കോൺഗ്രസിൽ പാർട്ടിയിൽ ചേരുന്നതിനേക്കാൾ ഗ്രൂപ്പിൽ ചേരാനാണ് അവസരമെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. കായംകുളത്ത് നടന്ന മുസ്ലിം ലീഗ് പ്രവർത്തക ക്യാമ്പിലായിരുന്നു കോൺഗ്രസിന്റെ പേര് നേരിട്ട് പറയാതെയുള്ള വിമർശനം.

മുസ്ലിം ലീഗിൽ ഗ്രൂപ്പ് രാഷ്ട്രീയമില്ലെന്നും ഒറ്റ പാർട്ടിയും ഒരു നേതാവുമാണ് സംഘടനയുടെ കരുത്തെന്നും സലാം പറഞ്ഞു. പാണക്കാട് തങ്ങളാണ് ലീഗിന്റെ നേതാവ്. കുഞ്ഞാലിക്കുട്ടി സാഹിബിന്റെ ഗ്രൂപ്പ്, തങ്ങളുടെ ഗ്രൂപ്പ്, ബഷീർ സാഹിബിന്റെ ഗ്രൂപ്പ് എന്നിങ്ങനെ പാർട്ടിയിൽ വിഭാഗങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒറ്റക്കെട്ടായി മുന്നോട്ടുപോകുന്ന സംവിധാനമാണ് ലീഗിലുള്ളതെന്നും ഘടകകക്ഷികളിൽനിന്ന് നിരവധി പേർ ലീഗിലേക്ക് എത്തുന്നുണ്ടെന്നും സലാം അവകാശപ്പെട്ടു.

അതേസമയം, അധികാരവും സംഘടനാ തീരുമാനങ്ങളും കൈകാര്യം ചെയ്യുന്നതിലെ നിലപാടുകളും അദ്ദേഹം വിശദീകരിച്ചു. അധികാരം ഉപയോഗിച്ച് അർഹരായ പ്രവർത്തകർക്ക് ജോലി നൽകാൻ കഴിയുമെങ്കിലും കുടുംബാംഗങ്ങൾക്കും വേണ്ടപ്പെട്ടവർക്കും ജോലി നൽകുന്ന രീതി തനിക്കില്ലെന്ന് സലാം പറഞ്ഞു. വിദ്യാഭ്യാസ യോഗ്യതയും കുടുംബസാഹചര്യവും പരിഗണിച്ച് ഏറ്റവും അർഹരായവരെ കണ്ടെത്തണം. ഇത്തരം തീരുമാനങ്ങൾ പ്രസിഡന്റോ സെക്രട്ടറിയോ ഒറ്റയ്ക്ക് എടുക്കേണ്ടതല്ലെന്നും സംഘടനാതലത്തിലുള്ള കൂടിയാലോചനകൾക്ക് ശേഷമാണ് തീരുമാനങ്ങളെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.