ബോർഡ് കോർപറേഷൻ പദവികളെച്ചൊല്ലി കോൺഗ്രസിൽ പോര് മുറുകുന്നു; സതീശനെതിരെ എ, കെ.സി വിഭാഗങ്ങൾ, ഹൈക്കമാൻഡിനും അതൃപ്തി
ബോർഡ് കോർപറേഷൻ പദവികൾ വീതംവയ്ക്കുന്നതിനെച്ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നു. നേതാക്കൾ ചേരിതിരിഞ്ഞ് നിലപാട് കടുപ്പിച്ചതോടെ സമവായ ചർച്ചകൾ വഴിമുട്ടി. എ വിഭാഗം നേതാക്കളും കെ.സി വിഭാഗവും മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത നിലപാടിലാണ്. പദവികൾ പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കം പാർട്ടിക്കുള്ളിലെ ചേരിപ്പോരിലേക്ക് വഴിമാറിയിരിക്കുകയാണ്.
യുഡിഎഫ് കൺവീനർ കൂടിയായ അടൂർ പ്രകാശ് പരസ്യമായി ഉന്നയിച്ച വിമർശനങ്ങൾ കൂടുതൽ നേതാക്കൾ ഏറ്റെടുത്തതോടെയാണ് വിവാദം ശക്തമായത്. മുതിർന്ന നേതാവ് രാജ്മോഹൻ ഉണ്ണിത്താനും കഴിഞ്ഞ ദിവസം പരസ്യമായി രംഗത്തെത്തിയതോടെ പാർട്ടിക്കുള്ളിലെ ഭിന്നത കൂടുതൽ രൂക്ഷമായി.
തർക്കം രൂക്ഷമായിട്ടും പരിഹാരത്തിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ മുൻകൈ എടുക്കാത്തതിൽ കോൺഗ്രസ് ഹൈക്കമാൻഡിനും കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. പ്രശ്നം പരിഹരിക്കുന്നതിൽ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാകാത്തത് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
അതേസമയം, എ വിഭാഗം നേതാക്കൾ വിഷയത്തിൽ പരാതി അറിയിക്കാൻ ഡൽഹിയിലെത്തി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ നേരിൽ കണ്ടു. പരാതിയിൽ ഹൈക്കമാൻഡ് എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഇനി രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.
കോൺഗ്രസിലെ പരസ്യമായ ചേരിപ്പോരും തീരുമാനമെടുക്കുന്നതിലെ കാലതാമസവും ഘടകകക്ഷികളെയും അസ്വസ്ഥരാക്കിയിട്ടുണ്ട്. തർക്കം നീണ്ടുപോകുന്നതിൽ ഘടകകക്ഷികൾ കടുത്ത പ്രതിഷേധത്തിലാണ്. ബോർഡ് കോർപറേഷൻ നിയമനങ്ങളിൽ സമവായമുണ്ടാക്കാൻ ഹൈക്കമാൻഡ് ഇടപെടുമോയെന്നതും നിർണായകമാണ്.